ആഗ്രയിലെ അറവുകാരന്‍
സാമ്രാട്ട് അക്ബറിന്റെ കാലത്ത് ആഗ്രയില്‍ അറവുകാരനായി ഒരു ഖസായി ഉണ്ടായിരുന്നു. ശുദ്ധമനസ്‌കനായ അയാള്‍ സത്യസന്ധമായാണ് തന്റെ മാംസക്കച്ചവടം നടത്തിവന്നത്. അതിനാല്‍ പലപ്പോഴും ആളുകളുടെ വഞ്ചനയ്ക്ക് അയാള്‍ വിധേയനാകാറുണ്ടായിരുന്നു. ഒരുദിവസം രാവിലെ അനേകം പേര്‍ മാംസം വാങ്ങാന്‍ വന്ന അവസരം.ഓരോരുത്തര്‍ക്കും അവര്‍ ആവശ്യപ്പെട്ട കണക്കിന് മാംസം വില്ക്കുകയും പണം വാങ്ങുകയും ചെയ്തുകൊണ്ടിരിക്കയായിരുന്നു കശാപ്പുകാരന്‍. അതിനിടയില്‍ ധനികനായ ഒരു ധാന്യവ്യാപാരി കടയില്‍ പ്രവേശിച്ച് രണ്ടു സേര്‍ മാംസം ആവശ്യപ്പെട്ടു.
തന്റെ ഊഴം വന്നപ്പോള്‍ ഉപഭോക്താവിന് പറഞ്ഞത്രയും മാംസം ഇറച്ചിവെട്ടുകാരന്‍ നല്കി. അതിനിടയില്‍ ഒരത്യാവശ്യത്തിന് അയാള്‍ പിന്നോട്ടൊന്നു തിരിഞ്ഞു. ആ തക്കത്തില്‍ ആഗതന്‍ കടയുടമസ്ഥന്റെ പണസഞ്ചി ഒരു നിമിഷംകൊണ്ട് കൈക്കലാക്കി. എന്നിട്ട് അതില്‍നിന്നുതന്നെ താന്‍ വാങ്ങിയ മാംസത്തിന്റെ വിലയ്ക്കുള്ള നാണയങ്ങള്‍ എടുത്തു കൊടുക്കാന്‍ തുടങ്ങി.
ഇതു കണ്ട് ഖസായി പ്രതിഷേധിച്ചു:
”അയ്യോ, എന്റെ പണസഞ്ചിയാണ് നിങ്ങളുടെ കൈയിലിരിക്കുന്നത്. അത് നിങ്ങള്‍ മോഷ്ടിച്ചിരിക്കുകയാണ്.”
”കള്ളം പറയരുത്. ഇത് എന്റേതാണ്.”ധനാഢ്യവും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.
അവര്‍ തമ്മിലുള്ള വഴക്ക് മൂത്തു. അതിനകം അവിടെ ഒരുപറ്റം ആളുകള്‍ തടിച്ചുകൂടിയിരുന്നു. അവര്‍ക്കാര്‍ക്കുംതന്നെ യഥാര്‍ത്ഥത്തില്‍ ആരാണ് പണസഞ്ചിയുടെ അവകാശിയെന്നറിയില്ലായിരുന്നു. കശാപ്പുകാരനാണെങ്കില്‍ തന്റെ ബുദ്ധിമോശംകൊണ്ടാണ് മുന്നില്‍തന്നെ നാണയക്കിഴി വച്ച് അതു നഷ്ടപ്പെടാന്‍ അവസരമൊരുക്കിയതെന്ന ഖേദവുമുണ്ടായി.അവസാനം പ്രശ്‌നം എവിടെയും എത്തുന്നില്ലെന്നു കണ്ടപ്പോള്‍ കൂട്ടത്തില്‍ മാന്യനാണെന്നു തോന്നിയ ഒരാള്‍ നിര്‍ദ്ദേശിച്ചു. പ്രശ്‌നം ബാദ്ഷായുടെ നീതിന്യായ മന്ത്രിയായ ബിര്‍ബലിനെ ഏല്പിക്കുക. ഏതു കുഴങ്ങിയ പ്രശ്‌നത്തിനും അദ്ദേഹമാണല്ലോ അവസാനം പരിഹാരം കാണുന്നത്. അതിനാല്‍ ആ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യവുമായി.
അതുപ്രകാരം അറവുകാരനും ധാന്യവ്യാപാരിയും മറ്റുള്ളവരും മഹാമന്ത്രിയുടെ ഹവേലിയിലെത്തി. പണക്കിഴി കൈയില്‍ വച്ചിരുന്ന മാന്യന്‍ നടന്ന വിവാദമൊക്കെ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. എല്ലാം വിശദമായി കേട്ടശേഷം ബീര്‍ബല്‍ ആ സഞ്ചി കാണണമെന്നാവശ്യപ്പെട്ടു.
ആ കിഴി പരിശോധിച്ചപ്പോള്‍ ഒരു കാര്യം തെളിഞ്ഞുവന്നു. തുണികൊണ്ടുണ്ടാക്കിയ സഞ്ചിയിന്മേല്‍ രക്തം കട്ടപിടിച്ച് ഉറച്ചതിന്റെ പാടുകളുണ്ട്. എന്നിട്ടും ഉറപ്പുവരുത്താനായി ദിവാന്‍ജി അകത്തുള്ള നാണയങ്ങള്‍ പുറത്തെടുത്ത് നിരീക്ഷിച്ചു. അവയിലും രക്തപ്പാടുകള്‍ തെളിഞ്ഞുകാണാമായിരുന്നു. ഒരേസമയം രക്തം മുറ്റിയ മാംസവും പണവും കൈകാര്യം ചെയ്യുന്ന ഒരാളുടെ സഞ്ചിക്കേ ആ ലക്ഷണങ്ങള്‍ കാണൂ എന്നു സ്പഷ്ടമായിരുന്നു.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാഹചര്യത്തെളിവുകള്‍തന്നെ ധാരാളമായിരുന്നു. ഉടനെ ബീര്‍ബല്‍ ധാന്യവ്യാപാരിയെ ഒറ്റയ്ക്കു വിളിച്ച് അക്കാര്യം അറിയിച്ചു. മഹാമന്ത്രിക്കു സത്യം മനസ്സിലായെന്നു കണ്ടപ്പോള്‍ അയാള്‍ക്കു നില്ക്കക്കള്ളിയില്ലാതായി. ഉടനെ അയാള്‍ വസീറിന്റെ കാല്‍ക്കല്‍ വീണ് മാപ്പുപറഞ്ഞു. എങ്കിലും അയാളുടെ കുറ്റം ഗുരുതരമായിരുന്നതിനാല്‍ മഹാമന്ത്രി ധനാഢ്യനു കനത്ത ശിക്ഷയും പിഴയും വിധിച്ചു. ഖസായിയുടെ കിഴിയില്‍ കണ്ടതിന്റെ ഇരട്ടിത്തുക അയാള്‍ക്കു പണക്കാരന്‍ കൊടുക്കണം എന്നതായിരുന്നു പിഴ. പുറമെ പണസഞ്ചിയും തിരിച്ചു നല്കപ്പെട്ടു.
നീതിമാനായ ബീര്‍ബലിന്റെ തീരുമാനം എല്ലാവരെയും സംതൃപ്തിപ്പെടുത്തി. പ്രഗത്ഭനായ മുഗള്‍ മഹാമന്ത്രി ഒരിക്കല്‍ക്കൂടി തന്റെ കഴിവു പ്രകടിപ്പിച്ചതു കണ്ട് ചക്രവര്‍ത്തി അദ്ദേഹത്തിനു പല സമ്മാനങ്ങളും കനിഞ്ഞനുവദിച്ചു.
0 Comments